പ്രശസ്ത സിനിമാ നിര്‍മാതാവ് നവോദയ അപ്പച്ചന്‍ (81) അന്തരിച്ചു. കൊച്ചി ലേക്ഷോര്‍ ആശുപത്രിയില്‍ ഇന്ന് വൈകുന്നേരം 6.40നായിരുന്നു അന്ത്യം . കഴിഞ്ഞ ഒരാഴ്ചയായി കാന്‍സര്‍ രോഗത്തെത്തുടര്ന്ന് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു അദ്ദേഹം . സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ജെ.സി.ഡാനിയേല്‍ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
പ്രശസ്ത സിനിമാ നിര്‍മാതാവും ഉദയാ സ്റ്റുഡിയോ ഉടമയുമായിരുന്ന കുഞ്ചാക്കോയുടെ ഇളയ സഹോദരനാണ്. കുഞ്ചാക്കോയുടെ സഹായിയായാണ് സിനിമാ നിര്‍മാണരംഗത്ത് എത്തിയത്. തുടര്ന്ന് നവോദയ എന്ന പേരില്‍ സ്വന്തം ബാനറില്‍ നിരവധി സിനിമകള്‍ നിര്‍മിച്ചു. ' മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ ത്രിഡി സിനിമയുടെ നിര്‍മാതാവ് എന്ന നിലയിലാണ് അപ്പച്ചന്‍ സിനിമാ ചരിത്രത്തില്‍ ഇടം പിടിച്ചത്. മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രം (തച്ചോളി അമ്പു), ആദ്യ 70എംഎം ചിത്രം (പടയോട്ടം) തുടങ്ങിയവ നിര്‍മിച്ചതും നവോദയ അപ്പച്ചനായിരുന്നു. ഇങ്ങനെ സിനിമയുടെ പുതുമേഖലകളില്‍ പരീക്ഷണം നടത്തി വിജയിച്ച നിര്‍മാതാവാണ് നവോദയ അപ്പച്ചന്.
പുതുമുഖ സംവിധായകരെക്കൊണ്ട് സിനിമ സംവിധാനം ചെയ്യിപ്പിച്ച് സൂപ്പര്‍ ഹിറ്റുകൊളൊരുക്കിയ നിര്‍മാതാവുകൂടിയായിരുന്നു അപ്പച്ചന്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ (ഫാസില്), ചാണക്യന്‍ (ടി.കെ.രാജീവ്കുമാര്), ഒന്നു മുതല്‍ പൂജ്യം വരെ (രഘുനാഥ് പലേരി) തുടങ്ങിയ പുതുമുഖ സംവിധായകരുടെ ചിത്രങ്ങള്‍ മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് പട്ടികയില്‍ ഇടംപിടിച്ചപ്പോള്‍ അത് ഒരു നിര്‍മാതാവിന്റെ ആത്മധൈര്യത്തിനുള്ള അംഗീകാരം കൂടിയായിരുന്നു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി സിനിമാ നിര്‍മാണ രംഗത്തു നിന്ന് മാറി നില്‍ക്കുകയായിരുന്നു അപ്പച്ചന്. ഈ കാലഘട്ടത്തിലാണ് വാട്ടര്‍ തീം പാര്ക്ക് (കിഷ്കിന്ദ) പോലുള്ള പുതു വ്യവസായ സംരംഭങ്ങളുമായി അദ്ദേഹം കടന്നുവരികയും വിജയം വരിക്കുകയും ചെയ്തു.
സംസ്കാരം ബുധനാഴ്ച ചെന്നൈയില്‍ നടക്കും . നാളെ കാക്കനാട്ടുള്ള വസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവച്ചശേഷമാകും ചെന്നൈയിലേക്കു കൊണ്ടുപോകുക. നവോദയ അപ്പച്ചന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്ചുതാനന്ദന്‍ ,സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ ,കേന്ദ്രമന്ത്രി കെ.വി.തോമസ് ,കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല തുടങ്ങിയ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.