ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹയര്‍ സെക്കന്‍ഡറിയില്‍ 88.08 ശതമാനം പേര്‍ ഉപരി പഠനത്തിന് അര്‍ഹത നേടി. 82.25 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം.
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 91.17 ശതമാനം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം ഇത് 90 ശതമാനമായിരുന്നു. ടെക്നിക്കല്‍ സ്കൂളുകളില്‍ 88.06 ശതമാനമാണ് വിജയശതമാനം.
തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബാണ് ഇന്ന് ഫലം പ്രഖ്യാപിച്ചത് . 112 സ്കൂളുകള്‍ നൂറുമേനി വിജയം നേടി. ഇതില്‍ മൂന്ന് റെസിഡന്‍ഷ്യല്‍ സ്കൂളുകള്‍ ഉള്‍പ്പെടെ ഏഴ് സര്‍ക്കാര്‍ സ്കൂളുകളും ഉള്‍പ്പെടും. 3334 വിദ്യാര്‍ഥികള്ക്ക് എല്ലാ വിഷയത്തിനും എ പ്ളസ് ലഭിച്ചു. കൂടുതലും പെണ്‍കുട്ടികളാണ്. വിജയശതമാനം കൂടുതല്‍ കോഴിക്കോട് ജില്ലയിലും (90.96 ശതമാനം) കുറവ് പത്തനംതിട്ടയിലുമാണ് (81.02 ശതമാനമ്). ഏറ്റവും കൂടുതല്‍ എ പ്ളസുകള്‍ തൃശൂര്‍ ജില്ലയിലാണ്.