പിതാവിനെ കാണാനെത്തിയ എട്ടുവയസുകാരി മലയാളി പെണ്‍കുട്ടി നീന്തല്‍കുളത്തില്‍ മുങ്ങിമരിച്ചു.
.
ഒമാനില്‍ എട്ടുവയസുകാരി മലയാളി പെണ്‍കുട്ടി നീന്തല്‍കുളത്തില്‍ മുങ്ങിമരിച്ചു. പത്തനംതിട്ട കോന്നി എനിമുള്ളപ്ളാക്കല്‍ സന്തോഷിന്‍െറയും ഭാര്യ മിനിയുടെയും മകള്‍ അക്ഷയയാണ് (എട്ട്) മരിച്ചത്. അവധിക്കാലത്ത് പിതാവിനെക്കാണാനായി അമ്മയോടൊപ്പം സന്ദര്‍ശക വിസായില്‍ ഒമാനില്‍ എത്തിയതായിരുന്നു അക്ഷയ. മുസന്നക്ക് സമീപം മുലദയില്‍ സന്തോഷ് മേല്‍നോട്ടം വഹിയ്ക്കുന്ന തോട്ടത്തിലെ സ്വിമ്മിങ്പൂളില്‍ ചൊവ്വാഴ്ച വൈകുന്നേരം മൂന്നോടെയാണ് അപകടം. മാതാപിതാക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു അക്ഷയ. എന്തിനോ വീടിനകത്ത് പോയി രക്ഷിതാക്കള്‍ തിരിച്ചുവരുമ്പോള്‍ വെള്ളത്തില്‍ മുങ്ങിതാഴുന്ന മകളെയാണ് കണ്ടതത്രെ. ഉടന്‍ വെള്ളത്തില്‍ നിന്ന് പുറത്തെടുത്ത് മുലദ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. 15 ദിവസം മുമ്പാണ് ഭാര്യ മിനിയും മകള്‍ അക്ഷയയും സന്ദര്‍ശകവിസയില്‍ സന്തോഷിനെ കാണാനെത്തിയത്. ദമ്പതികളുടെ ഏക മകളാണ് അക്ഷയ. മൃതദേഹം മുലദ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് .