ഈ ചിത്രത്തിലേയ്ക്കൊന്നു സൂക്ഷിച്ചു നോക്കൂ....എന്തെങ്കിലും പ്രത്യേകതകള്‍ തോന്നുന്നുണ്ടോ? അനന്തതയിലേയ്ക്ക് കണ്ണുംനട്ടിരിയ്ക്കുന്ന ഒരാളുടെ മുഖം ദര്‍ശിയ്ക്കാന്‍ കഴിയുന്നുണ്ടോ? അയര്‍ലണ്ടിലെ ക്ളിഫ്സ് ഓഫ് മോഹറില്‍ കടലിന് അഭിമുഖമായി നില്‍ക്കുന്ന ഒരു പാറയുടെ പ്രത്യേക കോണില്‍ നിന്ന് ദൃശ്യമാകുന്ന രൂപമാണിത്. 7 വണ്ടേഴ്സ് ഓഫ് നേച്ചര്-2011 ഫൈനല്‍ ലിസ്റ്റില്‍ വരെ ഉള്‍പ്പെട്ടിരുന്ന കൌണ്ടി ക്ളയറിലെ ക്ളിഫ്സ് ഓഫ് മോഹറിന് പറയാന്‍ ഇതുപോലെ അത്ഭുതങ്ങള്‍ ഏറെയാണ് .
പ്രകൃതിയുടെ വികൃതിയെന്നോ,സര്ഷ്ടിയെന്നോ ഒക്കെ പറയാവുന്ന ഈ പാറക്കെട്ടിന് മുകളില്‍ പോയി നിന്നാല്‍ താഴേയ്ക്കൊന്ന് ചാടണമെന്ന് ആര്‍ക്കും അറിയാതെ തോന്നിപ്പോവും. പ്രത്യേകതകളും ദുരൂഹതകളും ഏറെയുള്ള ഈ സ്ഥലത്തെക്കുറിച്ച് കേട്ടപ്പോള്‍ ഒന്നുകാണണമെന്ന് ആഗ്രഹിച്ച യൂറോമലയാളം ഫോട്ടോജേര്‍ണലിസ്റ്റ് കെ.ആര്‍ .അനില്‍ കുമാറിനും കാണാന്‍ സാധിച്ചു ആ പ്രത്യേകത ......അനന്ത വിഹായസ്സിലേയ്ക്കോ,അറ്റ്ലാന്റിക് സമുദ്രത്തിന്റെ അഗാധതയിലേയ്ക്കോ കണ്ണും നട്ടിരിയ്ക്കുന്ന ഒരാളെ. നല്ല തെളിഞ്ഞ കാലാവസ്ഥ ആയിരുന്നതിനാലും , നിഴലും വെളിച്ചവും വ്യക്തമായി സമ്മേളിച്ചതിനാലും കണ്ണിലെ കൃഷ്ണമണിവരെ ക്യാമറാ കണ്ണിലൂടെ വ്യക്തമായിരുന്നു ആ ദിവസം. മലയാളികള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ ഈ സ്ഥലം സന്ദര്‍ശിയ്ക്കാന്‍ പോയിട്ടുണ്ടെങ്കിലും ഈ പ്രത്യേകത ആരുടെയെങ്കിലും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ എന്നറിയില്ല.
തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തില്‍ സാന്‍ഫ്രാന്‍സിസ്കോയില്‍ നിന്ന് ഇവിടം സന്ദര്‍ശിയ്ക്കാനെത്തിയ പൈലറ്റായ സാന്ദ്രാ ക്ളിഫോര്ഡ് ആ അത്ഭുതം കണ്ടത്. ആദ്യം അവരുടെ കണ്ണുകളെ വിശ്വസിയ്ക്കാന്‍ സാധിച്ചില്ലെന്ന് സാന്ദ്രാ ഒറ്റശ്വാസത്തില്‍ പറയുന്നു. ഹഗ്സ് ഹെഡ്ഡിലേയ്ക്ക് നടന്നുപോകുന്ന വഴിയില്‍ പാറയുടെ ഒരു ചരിവിലായി 'ക്രിസ്തു' വിന്റെ മുഖത്തിനോട് സമാനമായ രൂപം അവരുടെ ശ്രദ്ധയില്‍ പെട്ടു. ഉടന്‍ ക്യാമറായില്‍ ഈ അത്ഭുത ദൃശ്യം അവര്‍ ഒപ്പിയെടുത്തു. വൈകുന്നേരം ഡൂളിനിലെ ഹോട്ടലില്‍ തിരിച്ചെത്തിയ സാന്ദ്രായുടെ ക്യാമറായിലെ ദൃശ്യം കണ്ട് തദ്ദേശീയരായ ഐറീഷുകാരും അത്ഭുതത്തോടെ നോക്കിയിരുന്നു. അടുത്ത ദിവസങ്ങളിലെ ഹഫിമ്ഗ്ടണ്‍ പോസ്റ്റും ,ഡെയ് ലി മെയിലും, യാഹൂ ന്യൂസും വലിയ പ്രാധാന്യത്തോടെ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.അങ്ങനെ നീളുന്നു ഈ സ്ഥലത്തിന്റെ പ്രത്യേകതള്‍ .
ഗാള്‍വേയില്‍ നിന്നും എന്‍67 ല്‍ 2 മണിക്കൂര്‍ യാത്രചെയ്താല്‍ കൌണ്ടി ക്ളയറിലെ ക്ളിഫ്സ് ഓഫ് മോഹറില്‍ എത്തിചേരാം. ഇതിന് വടക്കായുള്ള കൌണ്ടി മയോയിലെ ക്നോക്ക് പള്ളിയിലാണ് മാതാവ് പ്രത്യക്ഷപെട്ടതായി ജനങ്ങള്‍ വിശ്വസിയ്ക്കുന്നത്. കൂടാതെ ക്ളിഫിന് തെക്ക്-പടിഞ്ഞാറായി അറ്റ്ലാന്റിക് മഹാസമുദ്രത്തിലാണ് 100 വര്‍ഷങ്ങള്ക്ക് മുന്പ് ടൈറ്റാനിക് ദുരന്തവും നടന്നത്.അങ്ങനെ നിരവധി അത്ഭുതങ്ങളുറങ്ങുന്ന അറ്റ്ലാന്റിക് മഹാസമുദ്രത്തിലേയ്ക്കിറങ്ങി നില്‍ക്കുന്ന കീഴ്ക്കാം തൂക്കായ ഈ പാറകള്‍ ആരിലും ഭയം ജനിപ്പിയ്ക്കുന്ന , പ്രകൃതിയുടെ ഒരു അത്ഭുതം തന്നെയാണ്.